അഞ്ജലി അറയ്‌ക്കൽ (അപർണ ഗോപിനാഥ്) എന്ന ഫ്രീലാൻസ് പത്രപ്രവർത്തക രാഘവൻ (മമ്മൂട്ടി) എന്ന തടവുപുള്ളിയുടെ ജീവിതം ചികയുകയാണ് ഉണ്ണി ആർ. തിരക്കഥയെഴുതി വേണു സംവിധാനം ചെയ്‌ത മുന്നറിയിപ്പിൽ. രണ്ടു പേരെ കൊന്നു എന്നതാണ് രാഘവന്റെ പേരിലുള്ള കുറ്റം; ഒന്ന് ഭാര്യ, രണ്ടാമത്തേത് ജോലിക്കു നിന്ന വീട്ടിലെ പെൺകുട്ടി. പക്ഷേ, ‘ഞാൻ ആരെയും കൊന്നിട്ടില്ല’ എന്നാണ് രാഘവൻ പറയുന്നത്. മാത്രമല്ല, അദ്ദേഹം ഫിലോസഫിക്കൽ ഡയറിയെഴുത്തിന്റെ ആളുമാണ്. ആരെയും കൊന്നിട്ടില്ലാത്ത രാഘവന്റെ ആർക്കുമറിയാത്ത കഥ പുസ്തകമാക്കാൻ ഒരു ഭീകരനായ പബ്ലിഷർ വരുന്നു. (!!!!!) അവരുമായി പുസ്തകമെഴുതാനുള്ള കരാറിൽ ഒപ്പിടുന്ന അഞ്ജലി രാഘവന്റെ കഥയ്‌ക്കു വേണ്ടി നെട്ടോട്ടം ആരംഭിക്കുകയാണ്.
ആദ്യത്തെ 10 മിനിറ്റ് അഞ്ജലി അറയ്‌ക്കലിനെ ഫോണിൽ സംസാരിച്ചുകൊണ്ട് കാറോടിച്ചതിന് പൊലീസ് പിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ്. ഈ പൊലീസിനോ ഈ ഫോൺസംഭാഷണത്തിനോ ഈ സിനിമയിൽ ഒരു പ്രസക്തിയുമില്ല. അതുകഴിഞ്ഞുള്ള 10 മിനിറ്റ് അഞ്ജലി അറയ്‌ക്കൽ ഒരു പൊലീസുകാരന്റെ ആത്മകഥ എഴുതാൻ പോകുന്നതിന്റെ വിശേഷമാണ്. രാഘവനിലേക്ക് എത്താനുള്ള വഴി എന്നതിനപ്പുറത്ത് ഒരു പ്രസക്തിയും വലിച്ചുനീട്ടിയ ഈ ഖണ്ഡത്തിനില്ല.
പിന്നെ നമ്മൾ കാണുന്നത് ‘രാഘവൻ ചേട്ടാ കഥയെഴുതൂ… രാഘവൻ ചേട്ടാ കഥയെഴുതൂ…’ എന്നു പറഞ്ഞ് മേൽപ്പറഞ്ഞ അഞ്ജലി അറയ്‌ക്കൽ തെക്കുവടക്കു നടക്കുന്നതാണ്. മുന്നറിയിപ്പിലെ മുക്കാൽ പങ്കും ഇതുതന്നെ. ബാറാണോ ചായക്കടയാണോ പ്രസ് ക്ലബ്ബാണോ എന്ന് കണ്ടിരിക്കുന്ന നമുക്കോ കാണിച്ചു തരുന്ന സംവിധായകനോ ഒരു പിടിയുമില്ലാത്ത ആശുപത്രി കാന്റീൻ പോലൊരു സ്ഥലത്തും പിന്നൊരു കംപ്യൂട്ടറിനു മുന്നിലും ഇടയ്‌ക്ക് 2 മിനിറ്റ് ഇരിക്കുന്നതാണ് ഈ സഹോദരിയുടെ മറ്റ് ആക്റ്റിവിറ്റീസ്. ഒടുവിൽ ഒ ഹെൻറി ട്വിസ്റ്റ് പോലൊരു സൂത്രപ്പണിയിൽ സിനിമ തീരുന്നു.
FIRST IMPRESSION
രണ്ടു മിനിറ്റു കൊണ്ട് പറഞ്ഞാൽ വളരെ കൗതുകകരമായി തോന്നുന്ന ഒരു കഥയുണ്ട് മുന്നറിയിപ്പിന്. (മലയാളത്തിലെ ഏറ്റവും മികച്ച കഥാകൃത്തുക്കളിൽ ഒരാളായ കാരൂരിന്റെ കൊച്ചുമകനാണ് ഈ കഥയുണ്ടാക്കുകയും സിനിമ സംവിധാനം ചെയ്യുകയും ചെയ്ത വേണു.) എന്നാൽ, കഥയിൽ നിന്ന് തിരക്കഥയും 112 മിനിറ്റുള്ള സിനിമയും ഉണ്ടായപ്പോൾ കഥയുടെ കഥ കഴിഞ്ഞു.

Brain Behind Bars എന്നു പറഞ്ഞ് രാഘവനേപ്പറ്റി വലിയ ഫീച്ചറൊക്കെ വരുന്നുണ്ട്. സെൻ ബുദ്ധിസകഥകളിൽ കാണാറുള്ള തരം നാലഞ്ചു വാചകങ്ങൾ കടമെടുത്ത് രാഘവന്റെ അക്കൗണ്ടിൽ ഇട്ടു എന്നല്ലാതെ, Brain എന്നു പറയുന്ന സാധനം സിനിമ ഉണ്ടാക്കിയവർ കാര്യമായിട്ടൊന്നും ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ട് രാഘവൻ എന്ന കഥാപാത്രത്തിന്റെ Brain നമുക്ക് കാണാൻ പറ്റാത്ത ഏതോ സ്ഥലത്ത് ഇരിക്കുകയാണ്.
സിനിമ തുടങ്ങുമ്പോൾ മുതൽ തീരുമ്പോൾ വരെ മിഴിച്ചു നിൽക്കുക എന്നതാണ് രാഘവൻ ചെയ്യേണ്ടത്. അത് മമ്മൂട്ടി ഭംഗിയായി മിഴിച്ചു നിൽക്കുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലെ, തേരാപാരാ ഓടി നടക്കുക എന്നതാണ് അഞ്ജലി ചെയ്യേണ്ടത്. അപർണയും ഭംഗിയായിത്തന്നെ ആ ഓട്ടം നടത്തുന്നുണ്ട്. ജോയ് മാത്യു, രഞ്ജി പണിക്കർ, പൃഥ്വിരാജ്, വി കെ ശ്രീരാമൻ ആദിയായവർക്ക് ഇടയ്ക്ക് വന്നു പോവുക എന്നൊരു പണിയുണ്ട്. അവരും ഭംഗിയായി വരികയും പോവുകയും ചെയ്യുന്നു.
SECOND THOUGHTS
പത്മശ്രീയുടെ പെയിന്റുങ്ങുകൾ കണ്ട് ഒന്നും പിടി കിട്ടാത്ത പ്രാഞ്ചി “ഭയങ്കര അർത്ഥാ ഇതിനൊക്കെ” എന്ന് വളരെ നിഷ്‌കളങ്കമായി അമ്പരക്കുന്ന ഒരു രംഗമുണ്ട് രഞ്ജിത്തിന്റെ ‘പ്രാഞ്ചിയേട്ടൻ & ദ് സെയ്‌ന്റി’ൽ. ഒപ്പമുള്ള സുബ്രന്റെ മറുപടി ഇങ്ങനെ: “എന്തൂട്ടാ.. തട്ടിപ്പ് പരിപാട്യാ പ്രഞ്ച്യേട്ടാ.. മര്യായിക്ക് ഒരാള്‌ടെ രൂപം വരയ്‌ക്കാനറിയാത്തോരാ ഈ ജാതി ഐറ്റം വരച്ച്‌ണ്ടാക്കണത്.” വേണുവിന്റെ മുന്നറിയിപ്പ് കണ്ടിട്ട് പ്രാഞ്ചിയേപ്പോലെയും പ്രതികരിക്കാം, സുബ്രനെപ്പോലെയും പ്രതികരിക്കാം. (അടിസ്ഥാനപരമായി രണ്ടു പ്രതികരണവും ഒരേ കാര്യമാണു പറയുന്നതെന്നതു വേറെ കാര്യം!)

മുന്നറിയിപ്പ് എന്നാണ് സിനിമയുടെ പേര്. ആർക്കെങ്കിലും ഒരു മുന്നറിയിപ്പു കൊടുക്കുന്നതായി സിനിമയിൽ കണ്ടില്ല. ഒരുപക്ഷേ, സിനിമ കാണാൻ പോകുന്നവർക്കും സിനിമ എടുക്കാൻ പോകുന്നവർക്കുമുള്ള മുന്നറിയിപ്പ് എന്നായിരിക്കുമോ പേരിട്ടവർ ഉദ്ദേശിച്ചത്? (മുന്നറിയിപ്പ് കാണികൾക്കാണെങ്കിൽ ഫലിച്ച മട്ടുണ്ട്. ഒരു മമ്മൂട്ടിച്ചിത്രത്തിന്റെ ആദ്യദിവസമായിട്ടു പോലും സിനിമ നടക്കുന്ന ഭാഗത്തേക്ക് വന്നവർ വളരെ കുറവ്. എങ്കിലും, പാലഭിഷേകവും പൂച്ചകരച്ചിലുമായി ആരാധകഭ്രാന്തന്മാർ ഇല്ലായിരുന്നു എന്നത് വലിയ ആശ്വാസം.)
LAST WORD
ഓലൻ പോലെ ഒരു വികാരവുമില്ലാത്ത ഒരു സിനിമ. സെക്കൻഡ് ഷോ കഴിഞ്ഞു വന്ന് ആദ്യം ചെയ്‌തത് രണ്ടു സവോളയും ഒരു തക്കാളിയും നീളത്തിൽ അരിഞ്ഞ് പെട്ടെന്നൊരു റ്റൊമാറ്റോ ഫ്രൈ ഉണ്ടാക്കുക എന്നതാണ്. അഞ്ചാറ് അല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും ഇത്തിരി കറിവേപ്പിലയും നല്ല ചോരച്ചുവപ്പുള്ള കാശ്‌മീരി മുളകുപൊടിയും ചേർത്തു വഴറ്റിയ ഉപദംശം, മോണിങ് ഷോയിൽ നിന്നു ബാക്കി വന്ന രണ്ടു ചപ്പാത്തിക്കുള്ളിൽ വച്ചു ചുരുട്ടികഴിച്ചപ്പോഴാണ് നഷ്‌ടപ്പെട്ട രുചി മനസ്സിനു തിരിച്ചു കിട്ടിയത്. (എന്റെ പുന്നാരഭാര്യേ, നിനക്ക് നന്ദി!)

No comments:
Post a Comment