Tuesday, September 23, 2014

സപ്‌തമ.ശ്രീ. തസ്‌കരാഃ



ജയിലിൽ കണ്ടുമുട്ടി കൂട്ടായ ഏഴു പേർ ചേർന്ന് പയസ് (ജോയ് മാത്യു) എന്ന കള്ളപ്പണക്കാരൻ കൂട്ടിവച്ചിരിക്കുന്ന സ്വത്ത് മുഴുവൻ വൃത്തിയായി തൂത്തു തുടച്ച് കൊണ്ടുപോകുന്ന കഥയാണ് അനിൽ രാധാകൃഷ്‌ണൻ മേനോൻ എഴുതി സംവിധാനം ചെയ്ത സപ്‌തമ.ശ്രീ. തസ്‌കരാഃ. ഈ സംഘത്തിൽ അംഗമായിരുന്ന മാർട്ടിയുടെ (ചെമ്പൻ വിനോദ് ജോസ്) കുമ്പസാരത്തിലൂടെയാണ് നമ്മൾ കാര്യങ്ങളൊക്കെ അറിയുന്നത്. മിതഭാഷിയും ശാന്തനുമായ കൃഷ്ണനുണ്ണി (പൃഥ്വിരാജ്), വിസ തട്ടിപ്പുകാരനിട്ട് തല്ലു കൊടുത്തതിന്റെ പേരിൽ അകത്തായ ഷബാബ് (അസിഫ് അലി), ചതിയിൽപ്പെട്ട് ചിട്ടിക്കമ്പനി തകർന്നതിനേത്തുടർന്ന് ജയിലിലായ നോബിൾ ചേട്ടൻ (നെടുമുടി വേണു), ഗൂണ്ടയായി സേവനമനുഷ്ഠിച്ചിരുന്ന ലീഫ് വാസു (സുധീർ കരമന), കുളിമുറിയിലാണ് ഉപയോഗിക്കപ്പെടാൻ പോകുന്നതെന്നറിയാതെ ഒളിക്യാമറ ഉണ്ടാക്കിക്കൊടുത്ത നാരായണൻകുട്ടി (നീരജ് മാധവ്), സർക്കസിനിടെ അപമാനിച്ച കാണികൾക്കിട്ട് പൊട്ടിച്ച മാജിക്കുകാരൻ സലിം പാഷ (സലാം ബുഖാരി) എന്നിവരാണ് മാർട്ടിയുടെ സഹപ്രവർത്തകർ. സലിം പാഷയുടെ ഗേൾ ഫ്രണ്ടും അവസാന ഓപ്പറേഷനിൽ പങ്കെടുക്കുന്നുണ്ട്.
സപ്‌ത തസ്‌കരന്മാരുടെ ഒത്തുചേരലാണ് സിനിമയുടെ ആദ്യഭാഗം. രണ്ടാം പകുതിയിൽ ഇവർ നടത്തുന്ന കൊള്ളയും.
FIRST IMPRESSION
രസകരമായും ഇത്തിരി വ്യത്യാസത്തിലും വളരെ സിനിമാറ്റിക് ആയ ഒരു സിനിമ കാണിച്ചു തരുന്നു അനിൽ രാധാകൃഷ്‌ണൻ മേനോൻ. ഒരു പെർഫക്റ്റ് സിനിമയിലേക്ക് സഞ്ചരിക്കാനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ടെന്ന് സപ്‌തമ.ശ്രീ. തസ്‌കരാഃ കൂടുതൽ വ്യക്തമാക്കുന്നുണ്ട്.
വളരെ സ്വാഭാവികതയുണ്ട് കഥാപാത്രങ്ങൾക്ക്. ചൂണ്ടുവിരൽ കൊള്ളുമ്പോൾ പന്ത്രണ്ടു പേർ പറപറക്കുന്ന ഇനത്തിൽപ്പെടാത്ത നമ്മളെപ്പോലുള്ള മനുഷ്യരെ സ്‌ക്രീനിൽ കാണുന്നത് എന്തൊക്കെ പറഞ്ഞാലും സുഖമുള്ള കാര്യമാണ്.
കുടുംബത്തിൽ പിറന്ന തമാശകൾ ധാരാളമുണ്ട് ഇതിൽ. ഡയലോഗുകളിൽ മാത്രമല്ല, ദൃശ്യങ്ങളിലും. കൂടുതൽ കൂടുതൽ വലിഞ്ഞു മുറുകിക്കൊണ്ടിരിക്കുന്ന മലയാളികൾക്ക് ഒന്നു അയഞ്ഞു ജീവിക്കാൻ ഇത്തരം സിനിമകൾ ആവശ്യമാണ്.
മേലെ പറഞ്ഞിരിക്കുന്ന അഭിനേതാക്കളെല്ലാം തകർത്തു; പേരു പറയാത്ത ആ ഗേൾ ഫ്രണ്ട് കഥാപാത്രമടക്കം. കുമ്പസാരം കേൾക്കുന്ന അച്ചനായി വന്ന സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഒരു നില കൂടുതൽ തകർത്തു.
SECOND THOUGHTS
സിനിമയുടെ പേര് തരുന്ന ആ ‘കൊള്ളാലോ’ ഫീലിങ് സിനിമയിൽ കുറച്ചു ഭാഗത്തേയുള്ളു. പേരിലുള്ള പത്രാസ് സിനിമയ്‌ക്കു മൊത്തത്തിൽ ഇല്ലാതെ പോയി. ഒന്നാം പകുതിയുടെ രസത്തിനൊപ്പം ഓടിയെത്താനായില്ല പിന്നത്തെ പകുതിക്ക്. രണ്ടാം പകുതിയുടെ പല ഭാഗങ്ങളും വളരെ സാധാരണ മട്ടിൽ വലിയ ഇംപാക്റ്റ് ഒന്നുമുണ്ടാക്കാതെ അങ്ങു പോകുന്നുണ്ട്. ക്ലൈമാക്സിന്റെ കാര്യവും പ്രത്യേകം പരാമർശിക്കാനൊന്നുമില്ല. പലപ്പോഴും നമ്മൾ കണ്ടിട്ടുള്ള ഒരു ടിപ്പിക്കൽ ട്വിസ്റ്റ്.
ഇങ്ങനെയൊക്കെ നടക്കുമോ എന്നു ചോദിച്ചാൽ നടക്കില്ല എന്നു പറയേണ്ടി വരും. യഥാതഥമാക്കിക്കളയാം എന്നു സംവിധായകൻ തീരുമാനിച്ചതുകൊണ്ടാണ് ഈ ചോദ്യം ഉണ്ടാകുന്നതു തന്നെ. റിയലിസം വേണ്ടെന്നു വച്ച് ഒരു കെട്ടുകഥയുടെ അന്തരീക്ഷം കൊണ്ടുവന്നിരുന്നെങ്കിൽ മാജിക്കൽ റിയലിസത്തിന്റെ മായികശോഭയുള്ള ഒരു ക്ലാസിക് പീസ് ഓഫ് ആർട്ട് ആയി സപ്‌തമ.ശ്രീ. തസ്‌കരാഃ മാറിയേനെ.

No comments:

Post a Comment